Tuesday, April 03, 2007

ഞാനും സൈക്കിളും എന്റെ ബാല്യ കാലവും

നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടും വീണ്ടും തേട്ടി വരുന്നതില്‍ എപ്പോഴും എന്നെ ഏറ്റവും ഹരം കൊള്ളിക്കുന്നത്‌ ചെറുപ്പത്തില്‍ ഞാന്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചതും തുടര്‍ന്ന് സൈക്കിള്‍ വാടകക്കെടുത്തതും മറ്റുമാണ്‌. ഏകദേശം 7 വയസ്സോട്‌ കൂടിയാണെന്നു തോന്നുന്നു ആദ്യമായി സൈക്കിള്‍ പഠിക്കാന്‍ മുതിരുന്നത്‌. എന്റെ ഒരു കൂട്ടുകാരനാണ്‌ ഞാന്‍ കൊടുത്ത കാശ്‌ കൊണ്ട്‌ സൈക്കിള്‍ വാടകക്ക്‌ എടുക്കുന്നത്‌. ആളുടെ ഒരു പേര്‌ പോയിട്ട്‌ ഒരു രൂപം പോലും ഇപ്പം എന്റെ മനസ്സില്‍ ഇല്ല. പക്ഷെ ഒരു കാര്യം നല്ല ഓര്‍മ്മയുണ്ട്‌, എന്താണെന്നല്ലെ; ആ പഹയന്‍ എന്റെ കാശ്‌ കൊണ്ട്‌ എന്നെ പഠിപ്പിക്കാനെന്ന് പറഞ്ഞ്‌ ഒരു മണിക്കൂര്‍ മുഴുവനും അവന്‍ തന്നെയായിരുന്നു ഓടിച്ചത്‌. അടുത്ത പ്രാവശ്യം ഞാന്‍ ആരുടെയും സഹായം തേടാന്‍ നിന്നില്ല. ഞാന്‍ തന്നെ സൈക്കിളെടുത്തു ഒരു മണിക്കൂര്‍ മുഴുവനും അങ്ങാടി മൊത്തം ഗമയില്‍ ഉരുട്ടി ഉരുട്ടി തിരിച്ചു കൊടുത്തു. അന്നും സൈക്കിളിന്റെ പുറത്ത്‌ കയറിയിരിക്കുവാനുള്ള ഭാഗ്യം ഉണ്ടായില്ല. പിന്നീടെപ്പഴോ ആ വിദ്യ വശത്താക്കി. പിന്നെ ഒരു ഗമയായിരുന്നു. ഇവിടെ അറബികള്‍ മെര്‍സിഡിസ്സിലോ ബി. എം. ഡബ്ല്യൂ വിലോ വന്നിറങ്ങുന്നതു പോലെയായിരുന്നു വാടകക്കെടുത്ത സൈക്കിളില്‍ വന്ന് വീട്ടു മുറ്റത്തിറങ്ങുന്നതും പലചരക്ക്‌ കടയിലേക്കു പോകുന്നതും എന്തിനധികം മീന്‍ വാങ്ങാന്‍ പോകാനും ഒക്കെ അടുത്ത കടയിലെ ബാവക്കാന്റെ കടയില്‍ നിന്നും അപ്പം സൈക്കിള്‍ വാടകക്കെടുക്കും. കിട്ടുന്ന ചില്ലറയെല്ലാം ബാവക്കാന്റെ കല്ലയിലേക്കാണ്‌ നേരെ പോകുക. അങ്ങിനെ വാണിടുന്ന കാലത്ത്‌ സ്വന്തമായി ഒരു സൈക്കിള്‍ എന്ന ഒരു സ്വപ്നം മനസ്സിലുദിച്ച്‌ തുടങ്ങിയത്‌. അതിനുള്ള അപേക്ഷ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെല്ലാം സമര്‍പ്പിച്ചു, നടന്നില്ല. അപേക്ഷ റിജക്റ്റായി, ഇനിയെന്തു ചെയ്യും എന്ന ആലോചനയിലാണ്‌ എന്റെ വല്യമ്മായിടെ മകന്റെയടുത്തു ഒഴിവാക്കാനായ ഒരു ഹീറോ സൈക്കിളിന്റെ വിവരം വരുന്നത്‌, പിന്നെ ഒട്ടും താമസിച്ചില്ല, അവന്റെ പാദ സേവ ആരംഭിച്ചു. അവന്‍ എന്ത്‌ വേണമെന്ന്‌ ആലോചിക്കേണ്ട നിമിഷം അപ്പോള്‍ തന്നെ അതവിടെ റെഡിയാക്കി വെക്കും. അങ്ങിനെ അവനെ വെറുപ്പിക്കാതെ പിന്നാലെ കൂടി. എന്റെ ഒമ്പതാം ക്ലാസ്സ്‌ കഴിഞ്ഞ സമയത്ത്‌ പുള്ളിക്കാരന്‍ ഡിഗ്രി മതിയാക്കി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലിക്ക്‌ കയറിയ സമയം പുള്ളി ഒരു പുതു പുത്തന്‍ ഒരെണ്ണം സംഘടിപ്പിച്ചു. അങ്ങിനെ ആ പഴയ നായകന്‍ (ഹീറോ) എന്റേത്‌ മാത്രം സ്വന്തം. പിന്നെ ഒരു വെലസലായിരുന്നു. വേണ്ട അറ്റ കുറ്റ പണികളെല്ലാം നടത്തി, അലങ്കാര വസ്തുക്കളെല്ലാം ഫിറ്റ്‌ ചെയ്തു പിന്നീടങ്ങോട്ട്‌ ലൈനടിയൊക്കെ തുടങ്ങിയ സമയമായതു കൊണ്ട്‌ അതും നമ്മുടെ സ്വന്തം നായകന്റെ പുറത്ത്‌ ഇരുന്നു കോണ്ടായിരുന്നു. ഇതിനിടയിലെ തുടക്കം മുതലെ സൈക്കിളിന്റെ പെയിന്റിളകിയതിനേക്കാളും കൂടുതല്‍ പെയിന്റ്‌ ഇളകിയത്‌ എന്റെ ശരീരത്തിന്റെ പെയിന്റായിരുന്നു. കാലിലും കയ്യിലും സ്ക്രാചും കട്ടുമായി വീട്ടിലെത്തുന്ന എനിക്ക്‌ മരുന്ന് തരുന്നതിന്‌ മുമ്പ്‌ ചൂരല്‍ കശായം തരും എന്നിട്ട്‌ അതിന്റെ മുകളില്‍ ഓയിന്റ്‌മന്റ്‌ പുരട്ടിത്തരും. അങ്ങിനെ രസകരമായ സൈക്കിള്‍ സംഭവള്‍ക്ക്‌ ഒരു അവസാനം എന്റെ ജീവിതത്തിലുമുണ്ടായി. പ്രീ ഡിഗ്രിക്ക്‌ കോളേജില്‍ ചേര്‍ന്നപ്പോള്‍ എനിക്ക്‌ സ്വന്തമായി ഒരു പുത്തന്‍ ഹീറോ സൈക്കിള്‍ വീട്ടുകാര്‍ വാങ്ങി തന്നു. അതില്‍ മാന്യാമായി വിലസിയിരുന്ന ഒരു കാലം, എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത്‌ ആ സംഭവം എന്റെ ജീവിതത്തിലും സംഭവിച്ചു. ഒരു ദിവസം രാത്രി ഏകദേശം 9 മണിയോടെ ഞാന്‍ ഒരു സ്ഥലം വരെ പോയി വീട്ടിലേക്കു മടങ്ങും വഴി ഒരു ഓട്ടോ റിക്ഷാക്കാരന്‍, കഴുവേറി റോങ്ങ്‌ സൈഡില്‍ വന്നു എന്നെ അധിശക്തിയായി ഇടിച്ചു, അവന്‍ സഡന്‍ ബ്രേക്കിട്ടതിനാല്‍ ഓട്ടോയും സൈക്കിളും എന്റെ മേലെയായിരുന്നു. ദൈവകൃപയാല്‍ എനിക്ക്‌ കാര്യമായി ഒന്നും പറ്റിയില്ലെങ്കിലും എന്റെ ഇടതു കാലിന്റെ ഉപ്പൂറ്റിക്ക്‌ മുകളിലായി ഒമ്പത്‌ സ്റ്റിച്ചുണ്ടായിരുന്നു. മേലാസകലം അവിടെയും ഇവിടെയുമായി നിറയെ ചെറിയ മുറികളുണ്ടായിരുന്നു, പറഞ്ഞു കേട്ടത്‌ സംഭവം നടന്നിട്ട്‌ ഏകദേശം നാലു മണിക്കൂര്‍ എനിക്ക്‌ ബോധമുണ്ടായിരുന്നില്ല എന്നാണ്‌. ഇതൊക്കെയാണ്‌ എന്റെ സൈക്കിള്‍ വിശേഷമെങ്കിലും സൈക്കിളിനെ ഇത്രയധികം ഇഷ്ടപ്പെട്ട്‌ ഈ സാക്ഷാല്‍ ഞാന്‍ ആ സംഭവത്തിന്‌ ശേഷം ഇന്നേവരെ ഈ ഒരു വാഹനം ഉപയോഗിച്ചിട്ടില്ല. കൃത്യമായി പര്‍ഞ്ഞാല്‍ 12 വര്‍ഷമായി.

1 comment:

അച്ചപ്പു said...

ദൈവകൃപയാല്‍ എനിക്ക്‌ കാര്യമായി ഒന്നും പറ്റിയില്ലെങ്കിലും എന്റെ ഇടതു കാലിന്റെ ഉപ്പൂറ്റിക്ക്‌ മുകളിലായി ഒമ്പത്‌ സ്റ്റിച്ചുണ്ടായിരുന്നു. മേലാസകലം അവിടെയും ഇവിടെയുമായി നിറയെ ചെറിയ മുറികളുണ്ടായിരുന്നു, പറഞ്ഞു കേട്ടത്‌ സംഭവം നടന്നിട്ട്‌ ഏകദേശം നാലു മണിക്കൂര്‍ എനിക്ക്‌ ബോധമുണ്ടായിരുന്നില്ല എന്നാണ്‌. ഇതൊക്കെയാണ്‌ എന്റെ സൈക്കിള്‍ വിശേഷമെങ്കിലും സൈക്കിളിനെ ഇത്രയധികം ഇഷ്ടപ്പെട്ട്‌ ഈ സാക്ഷാല്‍ ഞാന്‍ ആ സംഭവത്തിന്‌ ശേഷം ഇന്നേവരെ ഈ ഒരു വാഹനം ഉപയോഗിച്ചിട്ടില്ല. കൃത്യമായി പര്‍ഞ്ഞാല്‍ 12 വര്‍ഷമായി.